ലക്കം-6

27 March 2010

അക്ഷരങ്ങളുടെ മണവാട്ടിക്ക്‌ നിറമിഴികളോടെ....
ഞാന്‍ സ്‌നേഹിക്കുന്നവനെ നിങ്ങള്‍ ദര്‍ശിക്കുകയില്ല
അവന്റെ പദവിന്യാസം നിങ്ങള്‍ കേള്‍ക്കുകയുമില്ല.
പക്ഷേ, കടലില്‍ ഉപ്പെന്ന പോലെ
അവന്‍ എന്റെ വീട്ടില്‍ നിറഞ്ഞു നില്‍ക്കുന്നു
(കമലാ സുറയ്യ)

സാഹിത്യം ഓര്‍മകളുടെ ചായമടികളാണ്‌. വാക്കുകള്‍ അടുക്കിവെച്ച്‌ നൊമ്പരങ്ങളും ആഹ്ലാദങ്ങളും പിച്ചിയിട്ട്‌ കൈരളിയില്‍ തുടുത്തുയര്‍ന്ന നീര്‍മാതളം. അണച്ചു പിടിക്കേണ്ടതെല്ലാം നമുക്കായ്‌ മഷി വിടര്‍ത്തി ഒരു പെണ്ണിന്റെ ചാട്ടുളിപ്രയോഗം. മണ്ണിടം മാറ്റിച്ചവിട്ടിയപ്പോള്‍ പുതിയ വേഷവും ഭാവവും കൈവന്നു. നെയ്‌പായസമായ്‌ തുളുമ്പിയ കമലാ സുറയ്യക്ക്‌ കണ്ണുനിറഞ്ഞ ആദരാജ്ഞലികള്‍....

ശത്രുക്കള്‍
(കമലാ സുറയ്യ)
ഒഴിഞ്ഞ ആവനാഴിയില്‍
ഇനി സര്‍പ്പങ്ങളെ നിറയ്‌ക്കാം
പറക്കുന്ന ശരങ്ങളെപ്പോലെ
ചീറ്റുന്നവ
മൃത്യുവെ കരാളവക്രങ്ങളില്‍
ആവാഹിച്ചെടുത്തവര്‍
പക്ഷേ, ചിന്തിക്കുക
ഒരു നിമിഷം ചിന്തിക്കുക
ആരാണ്‌ ശത്രു?
മിത്രത്തിന്റെ മുഖംമൂടി
ധരിച്ചെത്തുന്നവനോ ശത്രു?
ശത്രുവിന്റെ മുഖംമൂടി
ധരിക്കുന്ന മിത്രമോ?

പകലും രാത്രിയും
കാഴ്‌ച്ചയ്‌ക്കൊന്നായി മാറുമ്പോള്‍
ശത്രുവിനും നിന്നെ വേണ്ട
മിത്രത്തിനും വേണ്ട
നിനക്ക്‌ നിന്നെ വേണ്ട
ജീവിതത്തിന്‌ വിലയിടിയുമ്പോള്‍
മരണത്തിനും വിലയിടിഞ്ഞു.

.............................................................................................................


ഇരുട്ടുമുറി
വെറുതെയിരിക്കുമ്പോള്‍
ആയുസ്സൊടുങ്ങി
സമയം ഉരുകിത്തീരുന്നല്ലോ എന്ന്‌,
വയലിന്‍ വായിക്കുമ്പോള്‍
ഏതെങ്കിലുമൊരു തന്ത്രി പൊട്ടിവിലങ്ങി
നെഞ്ചത്ത്‌ കുത്തിക്കയറുമോ എന്ന്‌,
ഉറങ്ങാന്‍ തുടങ്ങുമ്പോള്‍
തുന്നിക്കെട്ടിയ കണ്ണുമായി
ഏത്‌ ഘോരാന്ധകാരത്തിലേക്കാണ്‌
നാളെ പുലരുന്നതെന്ന്‌,
കുട ചൂടുമ്പോള്‍
കുടയും തുളച്ച്‌ പെരുമഴയിറങ്ങുമോ എന്ന്‌,
ഇടി വെട്ടുമ്പോള്‍

പ്രപഞ്ചത്തിലെ ഏത്‌ ഭൂകമ്പധമനിയെയാണ്‌
അത്‌ പ്രകോപിപ്പിക്കുന്നതെന്ന്‌,
മിന്നലെറിയുമ്പോള്‍
ഏത്‌ വൈദ്യുതക്കമ്പിക്കു താഴെയാണ്‌
ഞാന്‍ കറുത്തുകരിയുന്നതെന്ന്‌,
മഴപെയ്യുമ്പോള്‍
എന്റെ ഗ്രാമം മുഴുവന്‍
ഒലിച്ചു പോവുന്ന മഹാപ്രളയത്തിന്റെ
ആരംഭമാണോ എന്ന്‌,
ചുരമിറങ്ങുമ്പോള്‍
ഇരുട്ടിന്റെ ഏതു വളവിലാണ്‌
എന്റെ മരണം ഉണര്‍ന്നിരിക്കുന്നതെന്ന്‌.
-വി. ഹിക്‌മതുല്ല
--------------------------------------------------------------------------
നോട്ടപ്പാട്‌
ജമീല്‍ അഹ്‌മദ്‌
മലയാലം
ബര്‍ത്ത്‌ഡേ തൊട്ടെന്റെ പൊന്നുമോന്‍
ഇംഗ്ലീഷില്‍ ഫ്‌ള്യുവന്റാവണം.
അതിനാല്‍ വൈഫിന്റെ ഡെലിവറി
ഇങ്ങ്‌ കേരലായില്‍ തന്നെ ആക്കിഞാന്‍
---------------------------------------------------------------
വളര്‍ച്ച
പുഴക്കരികില്‍
ഒരു വീടു വേണം.
കരിങ്കല്ലുകള്‍
തണുപ്പേറ്റുന്ന വീട്‌.

വീടിനുള്ളില്‍
ഒപ്പം കൂട്ടാന്‍
ഒരു പെണ്ണുവേണം.
പെണ്ണിനണിയാന്‍
പൊന്നുവേണം.
പൊന്നു ചേരാന്‍
പെണ്ണു വെളുക്കണം.
പെണ്ണു വെളുക്കാന്‍
മഞ്ഞളരച്ചു തേയ്‌ക്കണം
പുഴക്കരികില്‍
മഞ്ഞള്‍ വളരില്ലെങ്കിലോ?
പുഴക്കരികില്‍
വീടു വേണ്ട.
-വീ.സീ. അഭിലാഷ്‌
---------------------------------------------------------------
സാരി
അവള്‍ പറഞ്ഞു!
അച്‌ഛാ എനിക്കൊരു
സാരി വേണം!
പകച്ചു നിന്നു!
ഞാന്‍ പെറ്റ കുഞ്ഞിന്‌
ദാവണിപ്രായം
പച്ച, ചുവപ്പ്‌,
കറുപ്പ്‌, വെളുപ്പ്‌;
നിറമേതെന്ന്‌ തിരഞ്ഞെടുക്കൂ
പച്ച- ഹരിതം,
ചുവപ്പ്‌- ജനിതം,
വെളുപ്പ്‌- വൈധവ്യം,
കറുപ്പിന്റെ ദു:ഖം
മരണമുഖം!~

ഇവ ഒന്നും വേണ്ട
മഴവില്‍ നിറമുണ്ടോ
കണ്ടെടുക്കാന്‍;
മഴവര്‍ണ്ണജാലം
നാരീ ജന്മം.
-രജനീഷ്‌. കെ. ജോണ്‍

-----------------------------------------------------------------
സൗഹൃദം

ചിലര്‍ക്ക്‌;

അതൊരു തമാശയാണ്‌
ജീവിതം തന്നെ തമാശയായവര്‍ക്ക്‌
ഇതില്‍ പിന്നെന്തിരിക്കുന്നു
മറ്റു ചിലര്‍ക്ക്‌;
അതൊരു ഭാരമാണ്‌
അറിഞ്ഞോ അറിയാതെയോ
പിരടിയിലേറ്റിയ ഭാരം
ഇനിയും ചിലര്‍ക്ക്‌;
മറ്റു പലതുമാണ്‌
എങ്കിലും ചിലരുണ്ട്‌;
മുറിവിന്നു മരുന്നുപോലെ
വേദനയ്‌ക്കു സാന്ത്വനംപോലെ
മനോമുഖിരങ്ങളിലവര്‍
അമ്പിളിവെട്ടം തെളിയിക്കും
-ഫവാസ്‌ മാറഞ്ചേരി

-------------------------------------------------------
ആശങ്ക
ഇന്നതിന്റെ പൊക്കിള്‍ക്കൊടി അ
റുത്തിട്ടേയുള്ളൂ; പെണ്ണെന്ന്‌ തീര്‍ച്ചപ്പെടുത്തിയപ്പോള്‍ പിതാവ്‌ പത്രമെടുത്ത്‌ വായിച്ചു. സ്വര്‍ണ്ണം; പവന്‌ റെക്കോര്‍ഡ്‌ വില.

-സഫാനൂറ എം.ടി
ശാന്തപുരം
------------------------------------------------------------------------------
പച്ച
പുഴയെന്ന ഓര്‍മയെ ചൂണ്ടി
അത്‌ ജീവനായിരുന്നു

എന്നു പറഞ്ഞ ഞാന്‍
ഒരിക്കല്‍
ഒരു പച്ചയായിരുന്നു.
നിറങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌
മാഞ്ഞുപോയ
അതേ പച്ച!
-എം.ബി. ബവിത
പൊറത്തിശ്ശേരി

-------------------------------------------------------------------------
പിടച്ചില്‍
താഴെ,
മുറിച്ചിട്ട വൃക്ഷങ്ങള്‍ക്കരികെ

വിലപേശലിന്റെ സീല്‍ക്കാരങ്ങള്‍
മുകളില്‍,
ചേക്കേറുവാന്‍ വൃക്ഷത്തലപ്പുകള്‍ തേടി
വേപഥു പൂണ്ട ചിറകടിയൊച്ചകള്‍

-അളകനന്ദ
പത്തനംതിട്ട
-----------------------------------------------------
ട്വന്റി-20
പത്താം ക്ലാസില്‍ പഠിക്കുന്ന പേരക്കുട്ടിയോട്‌ ആകുലതയോടെ മുത്തച്‌ഛന്‍: മോനേ..ഇത്തവണ പരീക്ഷയൊക്കെ എങ്ങനെയുണ്ടാ
യിരുന്നു? രക്ഷപ്പെട്ടു പോവില്ലേ...?
പേരക്കുട്ടി: ആ... തുടക്കം ടഫ്‌ഫായിരുന്നു. പിന്നെ പിന്നെ ഓക്കെ....
മുത്തച്‌ഛന്‍: ആട്ടെ, അരക്കൊല്ല പ്പരീക്ഷക്ക്‌ എങ്ങനെയുണ്ടായിരുന്നു മാര്‍ക്ക്‌?
പേരക്കുട്ടി: ഓ... അത്‌ ഫിഫ്‌റ്റി...ഫിഫ്‌റ്റി...
ഇത്‌ കേട്ട മുത്തച്‌ഛന്‍ മോണകാട്ടി ഇത്രയും പറഞ്ഞൊപ്പിച്ചു: എങ്കില്‍ ഇത്തവണ ട്വന്റി- 20....

ഗാഫ്‌ കൊടിഞ്ഞി
--------------------------

മലയാള ഭാഷ
തുഞ്ചന്റെ തത്തമ്മ പാടിയ ഭാഷ
കുഞ്ചന്റെ ഹാസ്യത നിറയുന്ന ഭാഷ
കൊയ്‌ത്തു കഴിഞ്ഞ്‌ മടങ്ങുന്ന ഭാഷ
തിറ തുള്ളിയുയരുന്ന നാടിന്റെ ഭാഷ
ആഴികളലതല്ലിയണയുന്ന ഭാഷ
പാണനും പറയനുമൊന്നിക്കും ഭാഷ
വയലേല കൊയ്യുന്ന ചെറുമിയുടെ ഭാഷ
അവനെയെതിര്‍ക്കുന്ന ജന്മിയുടെ ഭാഷ
ഒരുജാതിയൊരുമതമാകുന്ന ഭാഷ
കലയും കഥയുമൊഴുകുന്ന ഭാഷ
അമ്മിഞ്ഞപ്പാലിന്റെ നുരയുള്ള ഭാഷ
അരയന്റെ വലയില്‍ കുരുങ്ങിയ ഭാഷ
നാരായക്കാലുകളെഴുതിയ ഭാഷ
കിളിപാടിയുയരുന്ന മൊഴിയുടെ ഭാഷ
കണ്ണനുമുണ്ണിയും പാടുന്ന ഭാഷ

കുട്ടികള്‍ മാമ്പഴമെറിയുന്ന ഭാഷ
പഴശിയുടെ വാള്‍ത്തലയുയരുന്ന ഭാഷ
ദളവയുടെ കുതിരക്കുളമ്പടി ഭാഷ
തെന്നലിലൊഴുകി നടന്നൊരു ഭാഷ
സ്വാതിതിരുനാളിന്‍ സംഗീത ഭാഷ
നെഞ്ചിലുയരുന്ന ഭാഷ
എന്റെ മലയാള ഭാഷ

-ആനന്ദ്‌. പി.കെ
(പരപ്പനങ്ങാടി,ഏഴാം ക്ലാസ്‌ വിദ്യാര്‍ഥി)
-----------------------------------------------------------------
മതേതരം
വേല, പൂരം, നേര്‍ച്ച, പള്ളിപ്പെരുന്നാള്‍.... ഇന്ന്‌ എല്ലാം മതേതര ലേബലൊട്ടിച്ചാണ്‌ വിപണിയിലിറക്കുന്നത്‌. പണ്ടും അങ്ങനെയൊക്കെ തന്നെയായിരുന്നു. പക്ഷേ നോട്ടീസിലും ഫ്‌ളക്‌സ്‌ ബോര്‍ഡിലും ഈ വിശേഷണം കടന്നു കൂടിയതില്‍പിന്നെയാണ്‌ അമ്മമാര്‍ക്ക്‌ ഉറക്കം നഷ്‌ടപ്പെട്ടത്‌.

ഗംഗാധരന്‍ പണ്ടാരത്തില്‍

---------------------------------------------------------------------

വീട്‌
ഒരു ദിവസം

രാവിലെ എണീറ്റപ്പോള്‍
വീടു കാണാനില്ല
വീട്ടുകാരോട്‌ ചോദിച്ചപ്പോള്‍ പറഞ്ഞു
കടക്കാരാവുമെന്ന്‌
കടക്കാരു പറഞ്ഞു
ബ്ലേഡുകാരാവുമെന്ന്‌
അവരു പറഞ്ഞു
ബാങ്കുകാരാവുമെന്ന്‌
ഒന്നുമുണ്ടായിട്ടല്ല
നട്ടുച്ചക്കിങ്ങനെ
വിയര്‍ത്തുകുളിച്ചുവരുമ്പോ....
നട്ടപ്പാതിരക്കിങ്ങനെ
പേടിച്ചു വരുമ്പോ....
അഞ്ചുസെന്റില്‌

നീയിങ്ങനെ
മാനം നോക്കി നിക്കണത്‌
കാണാതെ വരുമ്പോ....!

-നിഷാദ്‌ പുത്തൂര്‌
------------------------------------------------------------------
ക്ഷുരകസ്യധാര:
നില്‍പ്പിന്റെ സമാധിയില്‍
ചിക്ലും, ചിക്ലും അനുഗ്രഹിക്കുന്ന
ക്ഷുരകാ....
നീയെത്ര നാരായണ ഗുരുക്കളെ

കണ്ണാടിയില്‍ പ്രതിഷ്‌ഠിച്ചു?

രാമകൃഷ്‌ണന്‍ ചുഴലി

------------------------------------------
കാര്‍ട്ടൂണ്‍ -യാസിര്‍ പാടൂര്‍

0 comments:

Post a Comment

About This Blog

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP