ലക്കം 5

21 May 2009








ടോം & ജെറി
2009 ഏപ്രില്‍, എപ്പിസോഡ് 15

പോസ്ററുകളും ചുമരെഴുത്തുകളും ഫ്ളക്സ് ബോര്‍ഡുകളും നിറയുകയാണ്.
പ്രബല കക്ഷികള്‍ തമ്മില്‍ കൊമ്പ്കോര്‍ക്കുമ്പോള്‍ ഇടയില്‍പെട്ട് പോകുന്നത് പാവം പൊതുജനം.
ഇവിടെ മൂന്നാം കക്ഷിയുടെ ചിത്രംകൂടി തെളിയുന്നതോടെ രംഗം കൂടുതല്‍ ബഹളമയമാകുന്നു. ‘
തമ്മില്‍ ഭേദം തൊമ്മ
ന്‍’ എന്നാണല്ലോ... പക്ഷേ തൊമ്മനാര്....?
മോഹനവാഗ്ദാനങ്ങളുടെ പത്രിക നെറികേടിന്റെ പര്യായമായി പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു.
‘മനുഷ്യപ്പറ്റുള്ള ഭരണം’ കാഴ്ച്ചവെക്കാന്‍ നട്ടെല്ലുള്ളവനുണ്ടോ എന്നാണ് ഇനി തിരയേണ്ടത്.
കഴിഞ്ഞ പതിനാല് എപ്പിസോഡുകളേയുംപോലെ ഇതും കണ്ട് ചിരിച്ച് തള്ളുകയാണെങ്കില്‍
വിഡ്ഢികളാകുന്നത് നമ്മള്‍ തന്നെ.

എഡിറ്റര്‍













ലോകത്തിന്
നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ളവനാണു നീ. അതിനാല്‍ നീതിയുടേയും സത്യത്തിന്റേയും ധീരതയുടേയും പാഠങ്ങള്‍ പഠിക്കുക.
(അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍)







മിടിപ്പുകള്‍

കുറേ ജ്വല്ലറി ഭീന്‍മാരുടെ പരസ്യം കിട്ടിയാല്‍ എന്തും കുത്തിനിറക്കാന്‍ മടിക്കാത്ത ഏറെ സമാന്തര ചവറുകള്‍ കിട്ടുന്നുണ്ടെനിക്ക്. എന്നാല്‍ നിങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുന്നു എന്നറിയുന്നതില്‍ വലിയ സന്തോഷം. ജനുവരി-ഫെബ്രുവരി ലക്കം വല്ലാതെ കൊതിപ്പിച്ചു. എന്തിന്, അനീഷ് അരവിന്ദ് എന്ന എന്റെ അപരിചിത കവിയുടെ ‘സ്നിഗ്ദ്ധമായ ഒരിറ്റു തളിരത’ എന്ന പ്രയോഗം മതി പുസ്തകം നിറഞ്ഞ വിജയമാകാന്‍. സ്പന്ദനം തുടര്‍ന്നും കേള്‍ക്കാനാകട്ടെ.
വീ.സീ അഭിലാഷ്


മാഗസിനെ കുറിച്ച് നല്ല അഭിപ്രായമാണ്. എന്തെങ്കിലും ഒരു സന്ദേശം പച്ചയായി കൊടുക്കാന്‍ ഇത്തരം മാസികകള്‍ ശ്രമിക്കുന്നില്ലെന്ന ഒരു പരിഭവം എനിക്കുണ്ട്.
മുഖചിത്രത്തിന്റെ അടിക്കുറിപ്പില്‍ ആശയമുണ്ട്.
കരീം. കെ.പുറം

സുഹൃത്തേ...,സ്ററതസ്കോപ്പ് സസന്തോഷം കൈപ്പറ്റി.അടക്കത്തിലും ഒതുക്കത്തിലും അസ്സലായിട്ടുണ്ട്.
എല്ലാ ഭാവുകങ്ങളും നേരുന്നു.
മാധവനുണ്ണി


സ്പന്ദനങ്ങള്‍ അറിയിച്ചവര്‍
ഷീനു ആന്റണി,
പി.പി റഫീന,
അനീഷ് പള്ളിക്കല്‍,
വി. ഹിക്മതുല്ല,
നജ്മ,
മുസവ്വിര്‍ കുന്നക്കാവ്,
ഫിജാസ് താനൂര്‍,
റബീഅ് മുഹമ്മദ്,
ഉമര്‍ മുഖ്താര്‍,
നൂറ.വി,
ദിവ്യാദാസ്,
മാധവനുണ്ണി,
അജിജേഷ് പച്ചാട്ട്,
എം.ആര്‍ വിബിന്‍,
നിഷാദ് പുത്തൂര്‍,
ഉണ്ണികൃഷ്ണന്‍ ചേമ്പയില്‍





ബുക്ക് പള്‍സ്
ഇനിയും വരാത്ത കവിത (കവിതാ സമാഹാരം)
പി.പി റഫീന
ജീവിതത്തിന്റെ ചെറിയ മഴനനവുകളെ സ്നേഹത്തിന്റെയും, ആഹ്ളാദത്തിന്റെയും, വേദനയുടെയും തണുപ്പടയാളങ്ങളോടെ കവിതയില്‍ റഫീന ചേര്‍ത്തു വെയ്ക്കുന്നു. പുതുമഴയുടെ പൊടിമണവും വിസ്മയവും ഈ കവിതകള്‍ അനുഭവിപ്പിക്കുന്നു.
സംസ്ഥാന ശിശുക്ഷേമവകുപ്പിന്റെ അവാര്‍ഡിനര്‍ഹമായ പുസ്തകം
പ്രസാധനം: പായല്‍ ബുക്സ്
വില: 35 രൂപ

ബുക്ക് പള്‍സിലേക്ക് എഴുത്തുകാരോ പ്രസാധകരോ പുസ്തകത്തിന്റ ഒരു കോപ്പി അയച്ചു തരിക



കാര്‍ടൂണ്‍




യാസിര്
പാടൂര്‍



സൂക്ഷിപ്പ്


മുറിബ്ളേഡുകൊണ്ട്
വെട്ടിയെടുത്തവ
കഴിഞ്ഞ കൊല്ലത്തെ
നോട്ടുബുക്കിലൊട്ടിക്കാം.
പൊട്ടിച്ചെടുത്തതെല്ലാം
ഉണക്കി നോക്കണം.
ചിലതൊക്കെ
ഫോര്‍മലിനില്‍ മുക്കിയിടാം
ഉപ്പിലിട്ടും
വെയിലുതട്ടിച്ചും
ചിലത്.
പഴയ ജന്മത്തിലെ
എന്നെ
വരും ജന്മത്തിലേക്ക്
ഓര്‍മയോടെ നീ
എടുത്തുവെക്കുന്നതുപോലെ.

പ്രതീഷ് എം.പി


ജനാല


ഇന്നലെ വൈകുന്നേരം
അപ്പുറത്തെ മൈതാനത്തുനിന്ന്
പാഞ്ഞു വന്ന
സിക്സറുകളിലൊരെണ്ണം
ജനാലച്ചില്ലു തകര്‍ത്ത്
മുറിയിലേക്കു വീണു.
മതിലിനപ്പുറത്തു നിന്നും
ആരവം കേട്ടു.
സിക്സര്‍...സിക്സര്‍....
എന്റെ ജനാലകള്‍ തുറന്നിട്ട്
ഇന്നേക്ക് ഒരു മാസമാകുന്നു.

ഷാലു ചെറിയാന്‍
കായംകുളം


ഇലകള്‍ മിണ്ടുന്നത്


ഇലകള്‍
മിണ്ടുന്നത്
മൌനത്തിന്റെ
ഭാഷയിലായിരിക്കണം.
അതുകൊണ്ടാണല്ലോ
അവസാനം
പൊഴിഞ്ഞു വീഴുമ്പോഴവ
മനുഷ്യരെപ്പോലെ
അലറിക്കരയാത്തത്.

സുനില്‍കുമാര്‍. എം.എസ്




പുനര്‍ജന്മം

പണ്ട്
സംഗീതക്ളാസില്‍
വട്ടപൂജ്യത്തിന്റെ
തടവറയില്‍ കിടന്ന്
ശ്വാസംമുട്ടി മരിച്ച
കുഞ്ഞായിരുന്നു.
ഇന്നിപ്പോള്‍
റിയാലിറ്റി ഷോയുടെ
കുഞ്ഞുവിരല്‍ പിടിച്ച്
ഗായക സംഘത്തിലേക്ക്
താനും
ഒരു സീറ്റ്
റിസര്‍വ് ചെയ്തു കഴിഞ്ഞു

കണ്ടല്ലൂര്‍ ലാഹിരി



പ്രണയദര്‍പ്പണം


രണ്ടു കണ്ണാടികള്‍
തങ്ങളില്‍ തങ്ങളെ
കണ്ടുനില്‍ക്കുമ്പോള്‍
പകരുന്നതനന്തത.
രതിനിത്യമൊരാള്‍ക്കൊരാളിലായ്
തെളിയുന്ന വിശുദ്ധദര്‍പ്പണം
വിധിനിത്യമൊരാള്‍ക്കൊരാളിലായ്
ഉടയുന്ന വിരഹവേദന
റിസ്വാന്‍ മുള്ളമ്പാറ
ക്യാന്‍വാസ്
കരളിന്റെ
ക്യാന്‍വാസില്‍
വരച്ചതു കൊണ്ടാവണം
കണ്ണടച്ചാലും
തുറന്നാലും
നിന്റെ
ഛായാചിത്രം


കലാചന്ദ്രന്‍



പച്ചപ്പ്

ഓര്‍മകളില്‍ നിറഞ്ഞുനിന്നിരുന്ന പച്ചപ്പ്
തേടിനടന്ന് തളര്‍ന്ന അയാള്‍
അവസാനം പെയിന്റുകടയെ
അഭയം പ്രാപിച്ചു.
സതീഷ് പുള്ളിപ്പാടം





പ്രണയം


തെരുവില്‍ പ്രസവിച്ചു
ഓര്‍ഫനേജില്‍ ജീവിച്ചു
കോളേജില്‍ പ്രണയിച്ചു
റജിസ്ട്രാഫീസില്‍ കൂടിച്ചേര്‍ന്നു
കുടുംബകോടതിയില്‍ വിടചൊല്ലി
വൃദ്ധസദനത്തില്‍ മരിച്ചു
ശ്മശാനത്തില്‍ വെണ്ണീറായി
സഞ്ചയനത്തില്‍ വാഴവെച്ചു
ആറാംമാസം കുലച്ചു
കമ്പോളത്തില്‍ പ്രണയം
വീണ്ടും മധുരിച്ചു
അപ്പോളാരോ ചോദിച്ചു
ഇതിനെന്തിത്ര മധുരം
അത് പ്രണയം വിതച്ച
പൂവന്‍ കുലയാണെന്ന്
ആരോ ഉത്തരം പറഞ്ഞു.

ഷിബു പാതിരിയാട്
കണ്ണൂര്‍




ഒരിക്കല്‍

എവിടെ വെച്ചെങ്കിലും
കാണും, വീണ്ടും
കാണാത്തതു പോലെ
കടന്നു പോകും ചിലപ്പോള്‍
കണ്ടാലും തിരിച്ചറിയുകയില്ല,
ചിലപ്പോള്‍.
പക്ഷേ ഒരുനിമിഷം
കണ്ണുകള്‍ കോര്‍ത്തു പിണയും
എവിടെയോ
കണ്ടിട്ടുണ്ടല്ലോ...”എന്ന്
അസ്വസ്ഥപ്പെടുമോ
ഒരിക്കല്‍ പ്രണയിച്ചിരുന്നു
എന്നു വിചാരിച്ച
നീയും ഞാനും....

സി.എന്‍ അനീഷ്
പൂക്കോട്ടുംപാടം








പുതിയ പംക്തി ആരംഭിക്കുന്നു

നോട്ടപ്പാട്

ജമീല്‍ അഹ്മദ്
കവിതയുണ്ട്
ഏറെ നീളം പെയ്തിട്ടും
മണ്ണുള്ളം നനയാത്ത,
മര്‍മ്മത്തില്‍ മുനകുത്തി
പല വട്ടം പയറ്റിയിട്ടും
ചതുരത്തില്‍ വളയാത്ത,
വളമിട്ട് മെരുക്കിയിട്ടും
കളമാത്രം വിളയുന്ന
കവിതക്കൊതി തീര്‍ക്കാത്ത
കവിതയുണ്ട്.
...............................
എന്നിട്ടും
കവിതയുണ്ട്.



നൊമ്പരം

“പടച്ചോനേ...അഞ്ചെണ്ണം പെറ്റ ഈ വയറ്, ഇതെങ്കിലും ഒരാണ്‍കുഞ്ഞിനെ തന്നിരുന്നെങ്കില്‍ അയാളുടെ കാല്‍പാടുകള്‍ എനിക്ക് കൊള്ളാതിരിക്കാമല്ലോ.....”പ്രസവവേദനകൊണ്ട് പുളയുന്ന അവള്‍ പ്രാര്‍ഥിച്ചു.




ജീവിതം

നീങ്ങുന്ന ഓരോനാളും
തള്ളിനീക്കുന്നു ഞാന്‍
ജീവിതമാമീയാത്രയുടെ അന്ത്യമെവിടെ?
ഈ യാത്രയുടെ അന്ത്യമെവിടെ...?
നരകയാതനകള്‍ പേറുന്ന ഭാണ്ഡ-
മെവിടെ ഞാനിറക്കണമെന്നറിയില്ല.
കറങ്ങിത്തിരിയുന്നയീ ചക്രത്തിനടിയി-
ലമര്‍ന്നു കഴിയുന്ന ഞാന്‍
ചുറ്റുമൊന്ന് നോക്കുന്നില്ലത്ര.
ഭയമെന്നില്‍ തിങ്ങിനിറയുന്നു....
വിരഹത്തില്‍ വിതുമ്പുന്നു യാതനയില്‍
ഇന്നു ഞാനീ ജീവിതയാത്രയില്‍.

നീതു. എ
പുളിക്കല്‍


സ്ത്രീ

ആശകള്‍ പൊലിഞ്ഞ്
വേറിട്ട താളില്‍
അവള്‍
(നിയമവും സുരക്ഷയും കിട്ടാക്കനി)
പിതാവ് ഒരിനം ഓന്ത്
ചുറ്റും അമ്പുകള്‍
ചാനല്‍ പ്രളയത്തില്‍
പരുങ്ങുന്ന സ്ത്രീസ്വത്വം
സഫിയ, ഷഹാന.....
ബിംബങ്ങള്‍ എരിയുന്നു.
പറയാതെ വയ്യ
സാത്താന്‍ ഈയടുത്താണ്
പൌരത്വം നേടിയത്.

കന്‍സ. കെ
ശാന്തപുരം




0 comments:

Post a Comment

About This Blog

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP