ലക്കം 4

21 May 2009















നാം മരിച്ചുകഴിഞ്ഞാല്‍ ഭൂമിയില്‍ നമ്മുടെ ശവക്കല്ലറകള്‍ തിരഞ്ഞു നടക്കരുത്, അവ ജനഹൃദയങ്ങളില്‍ കണ്ടെത്തുക. (ജലാലുദ്ദീന്‍ റൂമി)




പുതുവര്‍ഷത്തിന്റെ തീക്കുട്ടികള്‍
ഇല്ല, ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ
ചിതയിലേക്ക് പെറ്റിട്ടുണ്ടാവില്ല
ഒരു നിലവിളിയും ഇങ്ങനെ
ഉയരും മുമ്പേ ചാരമായിട്ടുണ്ടാവില്ല.

പുതുവര്‍ഷ പിറവിക്ക് ഇസ്രായേലിന്റെ മഹത്തായ സമ്മാനം,
കുഞ്ഞുതലകള്‍...തീതുപ്പിയും വെട്ടിയൊതിക്കിയും സംഭരിച്ചവ.
സമാധാന വേദികള്‍ ലോകചട്ടമ്പിയുടെ മുമ്പില്‍ നമിച്ചിരിക്കുന്നു.
അവശിഷ്ടങ്ങളിലേക്ക് നോക്കി നമുക്ക് ലേഖനമെഴുതാം,
കവിത വിടര്‍ത്താം, കഥ പറയാം.
തൊലിപൊളിക്കപ്പെവര്‍ മിണ്ടാതിരുന്നോളും.
അങ്ങകലെ ഗാസയുടെ മണ്ണ് പുകയട്ടെ.
ഇങ്ങ് കക്ഷിരാഷ്ട്രീയത്തിന്റെ വര്‍ണ്ണപാളികളിലേക്ക് നമുക്ക് എത്തിനോക്കാം,
തര്‍ക്കിക്കാം.
ഇവിടം സമാധാനം (എന്നുവരെ), സുഭിക്ഷത.
വെള്ളപ്രാവുകള്‍ ചിതറിപ്പറക്കട്ടെ.
കള്ളനെ ഭയന്നാവണം നാം മനസാക്ഷികള്‍ ഭദ്രമായി അടച്ചുവെച്ചിരിക്കുന്നത്.



സോറി ഗസ്സ,
ഇടവിട്ട് വരുന്ന മെസേജിനും
മിസ്കാളിനുമിടയില്‍
ഞങ്ങളില്‍ നിന്റെ വികാരം
എവിടെയോ കളഞ്ഞുപോയി.
തിരയുന്നുണ്ട്, കിട്ടാതിരിക്കില്ല.



എഡിറ്റര്‍


മിടിപ്പുകള്‍

രണ്ടുനാളായീ സ്റ്റതസ്കോപ്പെന്‍
മേശമേലലയുന്നു,
കയററ്റ പായ് വഞ്ചിപോലെ,
അലക്ഷ്യമായ്
തൊടുത്തൊരമ്പുപോലെ.
നീങ്ങാം നമുക്കൊരുമയോടെ,
മാനവസൌഹാര്‍ദ്ധമൊന്നിനായി,
നീക്കാം തൂലികയപ്രകാരം
മാനവസൌഹാര്‍ദ്ധമൊന്നിനായി.

ജോയ് അങ്ങാടിപ്പുറം


സ്റ്റതസ്കോപ്പ് നെഞ്ചോട് ചേര്‍ത്തുവെച്ചു. വായിക്കുമ്പോള്‍ നെഞ്ചിടിപ്പ് 72-ല്‍ നിന്ന് മേലോട്ട് മേലോട്ട് പോകുന്നുണ്ട്. ചിരിപ്പിക്കുന്നുണ്ട്, ചിന്തിപ്പിക്കുന്നുണ്ട്...ചട്ടക്കൂടുകള്‍ പൊട്ടിച്ച് കൂടുതല്‍ നന്നാവട്ടെ.ആശംസകള്‍...
മനോജ് മുളവുകാട്
മിതമിത്രം എഡിറ്റര്‍


സ്റ്റതസ്കോപ്പ്, അക്ഷരങ്ങളുടെ സ്പന്ദമാപിനി കിട്ടി, വായിച്ചു.മാഗസിന്റെ വലിപ്പം പോലെ തന്നെ ചുരുക്കിപ്പറഞ്ഞാല്‍ നന്നായിട്ടുണ്ട്.ഒരു ലിറ്റില്‍ മാഗസിന്റെ കനവും കരുത്തും ഇതിനുണ്ട്. പതിരില്ലാത്ത സ്നേഹത്തോടെ...
ടി. ശാക്കിര്‍ കുറ്റ്യാടി.

സ്റ്റതസ്കോപ്പിന്റെ മിടിപ്പുകളറിഞ്ഞു...
സ്പന്ദനങ്ങള്‍ക്ക് താളം വേണം, ഒഴുക്കും ശ്രദ്ധിക്കുക...
ഒറ്റക്കല്ല, കൂട്ടായിട്ട്.
ജീവിതത്തില്‍ നല്ല ഏടുകള്‍ തുന്നിച്ചേര്‍ക്കാന്‍ ചില സ്പന്ദനങ്ങള്‍ കൊണ്ടും കഴിഞ്ഞേക്കും.
ഭീകരതയുടെ തുറിച്ച കണ്ണുകള്‍ക്കെതിരെ മൂര്‍ച്ചയുള്ള സൂചിയായും,
തെറ്റിദ്ധാരണകളുടെ വലകള്‍ കടിച്ചറക്കുന്ന കോമ്പല്ലുകളായും,
ഉളുപ്പുകെട്ട രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ ഗര്‍ജനമായും..
ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. മനുഷ്യത്വത്തിന്റെ പച്ചനാമ്പുകള്‍ മുളപ്പിച്ചുകൊണ്ട്...
അജിജേഷ് പച്ചാട്ട്
സ്റ്റതസ്കോപ്പ് ഉഗ്രന്‍, നവാഗതരുടെ മിടിപ്പുകള്‍ കണ്ടെത്തുന്നതിലും അവതരിപ്പിക്കുന്നതിലും വിജയിച്ചിരിക്കുന്നു. ഭാവുകങ്ങള്‍...

രാജസ്ഖ്കാന് കൊടിഞ്ഞി

ചെറിയ സൃഷ്ടികളാല്‍ വലിയ അനുഭവങ്ങളുണ്ടാക്കാന്‍ സ്റ്റതസ്കോപ്പിനാകുന്നു.
ലിസ്സി. പി
വള്ളിക്കുന്ന്

നൈതികമായ ഇടങ്ങള്‍ നാലുവരി കഥയോ കവിതയോ കൊണ്ട് സൃഷ്ടിക്കുക. കാലത്തിനെ വിഭവമാക്കി മാറ്റുക
ടി.കെ ബോസ്
കോട്ടക്കല്‍



ബുക്ക് പള്‍സ്
സഞ്ചാരി
(കവിതാസമാഹാരം)
ഷാനി.എ.മോപ്പിള



നിത്യജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങള്‍ മുതല്‍ കൊച്ചുകൊച്ചു വിഷയങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന, പത്താം ക്ളാസുകാരിയുടെ 52 കവിതകളുടെ സമാഹാരം.ഒരുപാട് അര്‍ത്ഥധ്വനികള്‍ മുഴങ്ങുന്ന ജീവിതത്തിന്റെ ദാര്‍ശനിക തലത്തിലേക്ക് നടന്നു കയറാന്‍ ഷാനിയുടെ കവിതകള്‍ക്കാകുന്നു എന്ന് അവതാരികയില്‍ മുണ്ടൂര്‍ സേതുമാധവന്‍.

പ്രസാധനം: അലെന പബ്ളിക്കേഷന്‍സ്
വില: 40 രൂപ


ബുക്ക് പള്‍സിലേക്ക് എഴുത്തുകാരോ പ്രസാധകരോ പുസ്തകത്തിന്റ ഒരു കോപ്പി അയച്ചു തരിക








ശബ്ദം

ഇക്കുറി
ഓലപ്പടക്കത്തിന് പകരം
സംഘടിപ്പിച്ചത്
നെല്ലിക്കയോളം പോന്ന
കുഞ്ഞു ബോംബാണ്.
പൊട്ടിത്തെറിച്ച്
മകന്റെ ശിരസ്സും
മകളുടെ കാലും പോയെങ്കിലെന്ത്
ശബ്ദം അതിഗംഭീരം.
സഞ്ജീവ് കുമാര്‍
ഇരിമ്പിളിയം
ഇരകളുണരുന്നു
വെടിവെച്ചിട്ടതെന്തേ
ഞാനുയര്‍ത്തിപ്പറത്തിയ
പട്ടങ്ങള്‍ നിങ്ങള്‍.
എങ്കിലും
നിങ്ങള്‍ക്കു തെറ്റി,
കത്തിയമരുകയില്ല അവയീ
ഹോമകുണ്ഡത്തില്‍.
നില്‍ക്കുമവ മുകളില്‍ തന്നെ,
നോക്കൂ...
ജ്വലിക്കും
നൂറു സൂര്യന്‍മാര്‍.
ഫാസില. ഏ.കെ
ശാന്തപുരം
പര്‍ദ്ദയിട്ട കണ്ണുകള്‍
പര്‍ദ്ദയിട്ട കണ്ണുകള്‍ക്ക്
വെളുത്ത നിറമാണ്.
അതില്‍ ഞാന്‍
മാത്രമെന്ന് തോന്നും
നിന്റെ നോട്ടം കണ്ടാല്‍.
വെയിലിന്റെ ശിഖരങ്ങള്‍
നിന്റെ കണ്ണില്‍
നിലാവിന്റെ പൂക്കുലകള്‍ തീര്‍ത്തു.
അതുകണ്ടാനന്ദിക്കെ
എന്റെ ഹൃദയം പൊട്ടി,
അത് കുത്തിയിറങ്ങി
നിന്നിലെ ചോരവാര്‍ന്നു,
നീലിച്ച് നീലിച്ച്
ഒരു കടലോളം...
കെ.കെ രമാകാന്ത്
ആലപ്പുഴ



അങ്ങാടി നിലവാരം


തേങ്ങ.
തൊണ്ടോടുകൂടിയത് -3250
തൊണ്ടില്ലാതെ -3500
കുരുമുളക്.
നാടന്‍ -12250
ചേട്ടന്‍ -13500
ഗര്‍ഭപാത്രം.
ബീജത്തോടു കൂടിയത് -22540
ബീജമില്ലാത്തത് -23540
നിയാസലി തങ്ങള്‍
പാടൂര്‍



കാക്ക


കുറേ ഉരച്ചുനോക്കി,
കൊത്തിനോക്കി
ഇല്ല,
സ്നിഗ്ദ്ധമായ
ഒരിറ്റു തളിരത.
മണമുണ്ട്,
ചോരയുടെ.......
അനീഷ് അരവിന്ദ്
പള്ളിക്കല്‍


സ്നേഹം


ഞാന്‍ നിന്നെയും
നീ എന്നെയും സ്നേഹിച്ചു.
സ്നേഹിച്ചു സ്നേഹിച്ചു
നാം ഒന്നായി.
എന്നെ കാണാതെ നീയും
നിന്നെ കാണാതെ ഞാനും
ദുഖിച്ചു.
കരഞ്ഞു കരഞ്ഞ്
നെഞ്ചുപിളര്‍ത്തി
നാം ഒന്നായി
ഒരിക്കലും ചേരാതെ......
മാധവനുണ്ണി
പട്ടാമ്പി


കലണ്ടര്‍

മയില്‍പീലിക്കൂട്ടിലെ
പുഞ്ചിരിയുമായ്
പുതുവര്‍ഷം പിറന്നിറങ്ങിയപ്പോള്‍
പൊലിഞ്ഞുപോയ
വര്‍ഷത്തിന്റെ സംസ്കാരം
വലിച്ചു കീറിയ
പഴയ കടലാസു കലണ്ടറില്‍
മാത്രമായൊതുങ്ങി


പി.പി. റഫീന
തലശ്ശേരി


മഴക്കാലം



പുറത്ത് മഴ ചിന്നംപിന്നം പെയ്തുകൊണ്ടിരുന്നു. ഓര്‍മ്മയിലേക്ക്....
കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് മഴക്കാലമായിരുന്നു.
തണുപ്പിന്റെ മടിത്തട്ടില്‍ ആലോലം മൂടിപ്പുതച്ചുറങ്ങാനും സ്കൂളില്‍ പോകുമ്പോള്‍ മഴയോട് കിന്നരിക്കാനും...
ഒടുവില്‍..., മേലാസകലം നനഞ്ഞ് അമ്മയുടെ തല്ലുമേടിക്കാനും ഇഷ്ടപ്പെടുന്ന മഴക്കാലം.
ഹൃദയത്തില്‍ മായാത്ത സ്പന്ദനങ്ങളുടെ ഓര്‍മ്മ മഴയെക്കുറിച്ച് നിറഞ്ഞുനില്‍ക്കുമ്പോഴും ആശങ്കയായിരുന്നു.
ഇനി പ്രകൃതി കനിഞ്ഞില്ലെങ്കില്‍...മഴയില്ലെങ്കില്‍....
ഷീനു ആന്റണി
എറണാകുളം



കണ്ണുനീര്‍
ഭയവും
പ്രതീക്ഷയും
ദൈവത്തിന്റെ വിരിപ്പില്‍
ഇണചേരുമ്പോള്‍
തെറിക്കുന്ന രേതസാണ്
കണ്ണുനീര്‍.


മുഹ്സിന്‍ പരാരി
എടവണ്ണ




അന്വേഷണം


ആകാശ അശ്രുകണങ്ങള്‍
അലങ്കരിച്ച,
ആറ്റിന്‍ ഓളങ്ങള്‍
ഭൂമനസ്സില്‍ തുടിപ്പായ്
ഭൂവാസിതന്‍ നയനങ്ങള്‍
നീര്‍ പൊഴിച്ചിട്ടും
തെളിയാത്ത മനവുമായ്
തെരയുന്നു തിരിയാത്തതെന്തോ...
തിരിനാളമായ് മനസാക്ഷി
ആറ്റിക്കുറുക്കിയ വാക്കുകളുമായ്
ചിന്തകളെ തടയുക നിനക്കായ്
വാക്കുകളെ മുറിക്കുക എനിക്കായ്
ആവലാതി മാത്രമാണെങ്ങും
ആവനാഴിയില്‍ നല്ലതിനിയൊന്നുമില്ല.
നിസാറ കല്ലുങ്ങല്‍
കക്കാട്



ഭ്രാന്ത്

ഉറക്കെ, ഉറക്കെയൊന്ന്
നിലവിളിക്കാന്‍ കഴിഞ്ഞെങ്കില്‍...
എല്ലാം മറന്നൊന്ന്
ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍...
എത്ര നനഞ്ഞിട്ടും
കുളിര് തോന്നുന്നില്ല.
എന്നാണിനിയൊന്ന്
ദു:സ്വപ്നങ്ങള്‍ കീറിപ്പറിക്കാത്ത
പുതപ്പില്‍ ചുരുണ്ടു
മനസ്സറിഞ്ഞൊന്ന്
ഉറങ്ങാനാവുക.
ഇനി നിങ്ങള്‍ പറയണം,
ഭ്രാന്ത് ഒരിക്കലും
ഭേതമാകാത്ത
പകര്‍ച്ച വ്യാധിയാണ്!
ഹരി പാമ്പ്‌ൂര്‍
തൃശൂര്‍



ബജറ്റ്


പിച്ചക്കാരന്‍
വന്നു കൈനീട്ടിയപ്പോഴാണ് അയാള്‍ പിന്‍സീറ്റില്‍ നിന്ന് ലാപ്ടോപ്പെടുത്തത്.
ഹോംബജറ്റ് പരിശോധിച്ച് സംഭാവനയുടെ കോളം ക്ളിക്കുചെയ്തു.
empty ആണെന്ന് കണ്ടപ്പോള്‍ സോറിപോലും പറയാന്‍ നേരമില്ലാതെ അയാള്‍ കാറെടുത്തു പാഞ്ഞു.
ദേഷ്യം വന്ന് പിച്ചക്കാരനെടുത്തെറിഞ്ഞ മൊബൈല്‍ ഫോണ്‍ റോഡില്‍ ആര്‍ക്കും വേണ്ടാതെ കിടന്നു.
മുഹമ്മദ് കാസിം.

കാര്‍ട്ടൂണ്‍
യാസിര്‍ പാടൂര്‍

ഇറാഖ് 2008
ഇറാഖ്‌ 2006






0 comments:

Post a Comment

About This Blog

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP